
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ആനന്ദ്.കെ. തമ്പിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആർ.എസ്.എസ്. നേതൃത്വത്തിൽ നിന്നുണ്ടായ കടുത്ത അപമാനമാണെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘടനയ്ക്ക് വേണ്ടി ജീവിതം ഹോമിച്ചിട്ടും നേരിടേണ്ടി വന്ന അവഹേളനം താങ്ങാനാകാതെയാണ് ആനന്ദ് ജീവനൊടുക്കിയത്. പുറത്തുവന്ന അദ്ദേഹത്തിന്റെ ഫോൺ സംഭാഷണം സംഘടനയ്ക്കുള്ളിലെ തർക്കങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
"ശരീരം, സമയം, പണം, മനസ്സ്... എല്ലാം കൊടുത്തു": ഒടുവിലെ പോരാട്ടം
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് അടുത്ത സുഹൃത്തുമായി ആനന്ദ് സംസാരിച്ച ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രസ്ഥാനത്തിനുവേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തിച്ച തനിക്ക് തിരികെ ലഭിച്ചത് കടുത്ത അപമാനമാണെന്ന് അദ്ദേഹം വേദനയോടെ പറയുന്നു.
"ഇത്രയും കാലം സംഘടനയ്ക്കു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ് ഇതെല്ലാം സംഘടനയ്ക്കു വേണ്ടി കൊടുത്തില്ലേ. എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽവച്ച് വീട്ടിൽ പോയിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല."
അവഹേളിച്ചവരെ വെറുതെ വിടാൻ മനസ്സ് അനുവദിക്കില്ലെന്നും, എത്ര കൊമ്പനായാലും പോരാടുമെന്നും, മത്സരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം സംഭാഷണത്തിൽ ഉറപ്പിച്ചു പറയുന്നുണ്ട്. കൺവെൻഷൻ വിളിച്ച് ശിവസേനയിൽ ചേർന്ന കാര്യം അറിയിക്കാനിരിക്കെയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യാക്കുറിപ്പിലെ നേതാക്കളിലേക്ക് അന്വേഷണം; മൊഴിയെടുക്കും
സംഭവത്തിൽ പൂജപ്പുര പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ആർ.എസ്.എസ്, ബി.ജെ.പി. പ്രാദേശിക നേതാക്കളുടെ മൊഴിയെടുക്കും. ആനന്ദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ, മണ്ണുമാഫിയയിൽ നിന്നോ മറ്റോ ഭീഷണിയുണ്ടായിരുന്നോ എന്നീ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ഫോൺ കോളുകളുടെ വിശദാംശങ്ങളും ശേഖരിക്കും.
സി.പി.എമ്മുമായി കൂടിക്കാഴ്ചയും നടന്നു
ആനന്ദിന്റെ രാഷ്ട്രീയ നീക്കങ്ങൾ സംഘടനയ്ക്കുള്ളിൽ വലിയ സമ്മർദ്ദമുണ്ടാക്കിയെന്ന സൂചനകളും പുറത്തുവരുന്നു. ആർ.എസ്.എസ്. ബന്ധം വിടാൻ തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹം സി.പി.എമ്മുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എമ്മിൽ പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആനന്ദ് പ്രാദേശിക നേതാക്കളെയും ബ്രാഞ്ച് സെക്രട്ടറിയെയും സമീപിച്ചിരുന്നുവെന്ന് തൃക്കണ്ണാപുരത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സ്ഥിരീകരിച്ചു.









